Author Archive

രാമസ്വാമി

കണ്ണിന് തൊട്ട് മുൻപിൽ അയ്യപ്പൻ പ്രത്യക്ഷപ്പെട്ടത് നിമിഷ നേരത്തേക്ക് മാത്രമായിരുന്നു. മിന്നാമിനുങ്ങുവെട്ടത്തിലായിരുന്നോ, അസമയത്തിലെ മിന്നൽ വെളിച്ചത്തിലാണോ കണ്ടത് എന്ന് കൃത്യം പറയാൻ പറ്റില്ലെങ്കിലും ശാന്ത സ്വരൂപന്റെ മുഖം തോന്നിപ്പിച്ച അമ്പരപ്പ് ഒരു വിറയലായി പെരുവിരലിൽ തുടങ്ങി നട്ടെല്ലുവരെ തുടർന്നത് മുൻപൊരിക്കലും അനുഭവപ്പെടാത്ത വൈദ്യുത തരംഗം തന്നെ ആയിരുന്നു രാമേട്ടന്.

പതിവുള്ള മകരവിളക്ക് ദർശനം നേരത്തെ ആക്കി മണഢലവിളക്കിൽ തൊഴാൻ പോയത് ഒന്നും തനിക്ക് വേണ്ടിയല്ല. രാമേട്ടൻ തിരിച്ചെത്തിയാൽ മാത്രം പോവാൻ മാറ്റി വെക്കപ്പെട്ട ആശുപത്രി യാത്രകൾ. അങ്ങിനെ ചില അപൂർവ്വതകളാണ് രാമേട്ടന്റെ ഊർജ്ജം. താലൂക്ക് ആശുപത്രിക്ക് അപ്പുറം പരിചയങ്ങളില്ലാത്ത സാധാരണക്കാരന് രാമേട്ടൻ ഡോക്ടറേക്കാൾ വലിയ മനുഷ്യനാണ് .മണിപ്പാലിലോ പുട്ടപർത്തിയിലോ ഒരത്യാവശ്യ ആശുപത്രികാര്യത്തിന് പുറപ്പെടാൻ മുന്നൊരുക്കമായി മാറിയിടാൻ ഒരു ഷർട്ട് വേണമെന്ന അവശ്യം പോലുമില്ല. ദേഹണ്ഡത്തിന് പോയാൽ തന്റെ അവകാശമായി കിട്ടുന്ന ഈരെഴതോർത്ത് തരുന്നതിൽ കൂടുതൽ ചമയങ്ങളിലൊന്നും വിശ്വാസവുമില്ല രാമേട്ടന്.

സ്വാമി ദർശനത്തിന്റെ അമ്പരപ്പ് തീരുന്നതിനു മുമ്പ് തന്നെ രാമേട്ടൻ എഴുന്നേറ്റു കഴിഞ്ഞിരുന്നു. ഉമ്മറത്തെ കഴുക്കോലിൽ ഇന്നലെ തന്നെ മാത്രം മടക്കി വെച്ച ഇരുമുടി സഞ്ചിയും ഭസ്മത്തട്ടിൽ ഊരിവെച്ച മാലയും വരാന്തയിലെ ആണി കുറ്റിയിൽ തൂക്കിയ ഷർട്ടും എടുത്ത് ധ്യതിയിൽ പുറപ്പെട്ടതും സ്വബോധത്തിലൊന്നുമായിരുന്നില്ല. പതിവുശീലമായ തോർത്ത് മുണ്ട് മുറ്റത്തെ അയയിൽ നിന്ന് കൂടെ പോന്നതും കൃത്യം നിശ്ചയമില്ല. നടന്നു ശീലിച്ച ഇടവഴിയിലൂടെ ഏതോ ലക്ഷ്യത്തിലേക്ക് ഉള്ള ഇറങ്ങി പോക്ക് തികച്ചും യാന്ത്രികവുമായിരിക്കണം. വലിയ ചിറയുടെ പടവിൽ ഇരുമുടി സഞ്ചിയും തോൾ ബേഗും വെച്ച് കുളിച്ച് കയറിയതും തിരുമുമ്പിലെത്തിയതും സമയ ബോധത്തോടെയും അല്ല. അപ്പോഴും നട തുറക്കാറായിട്ടുണ്ടായിരുന്നില്ല എന്നും നേരിയ ഓർമ്മയിൽ എടുത്തു പറഞ്ഞതാണെങ്കിലും മുഖത്തെ അത്ഭുവ ഭാവത്തിന്ന് വല്ലാത്ത തിളക്കം തന്നെ. പിന്നെ പൂജിച്ച് വാങ്ങിയ മാല സ്വയം ശരണം വിളിച്ച് കഴുത്തിലിടുമ്പോൾ ദക്ഷിണ കൊടുക്കണമെന്ന ബോധം തോന്നിയതും ഒരു പൈസ കൈയ്യിലില്ലെന്ന് തിരിച്ചറിഞ്ഞതും.

കാൽനടയായി ദിവസങ്ങളോളം വേണ്ട യാത്ര.ഒരു മുൻകരുതലും ഇല്ലാത്ത പുറപ്പെടൽ. ഉടുമുണ്ടും കാവിലമ്മ പൂജിച്ചു നൽകിയ മാലയും. ആരോടും ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. വഴിയമ്പലങ്ങളെപ്പറ്റി പോലും കൃത്യം ധാരണയില്ല. ഉറക്കത്തിൽ വന്ന ഉൾവിളി. വെയിൽ കനക്കും വരെ ആദ്യ നടത്തം. വിശപ്പും ദാഹവും. ക്ഷീണം തീർക്കാൻ വഴിവക്കിലിരുന്നു പോയി. അറിയാതെ അറിയാതെ ഉറങ്ങിപ്പോയി കുറച്ചേറെ സമയം.

“സാമി ഭക്ഷണം കഴിച്ചതാണോ ” എന്നൊരാൾ തട്ടി വിളിച്ചപ്പോൾ വേണ്ട എന്ന് പറയാനേ അഭിമാനം സമ്മതിച്ചുള്ളു. വിളിച്ചെഴുന്നേൽപിച്ച ആളും സ്വാമിയാണ്. സ്നേഹപൂർവ്വമുള്ള വിളിയും ഉള്ളിലെ വിശപ്പും. കൂടെ നടന്ന് രണ്ടിലയിൽ പങ്കിട്ട് കഴിച്ച ഭക്ഷണത്തിന്റെ രുചി സാഹോദര്യത്തിന്റെ രുചിക്കൂട്ടിൽ ഏറെ സമൃദ്ധമായിരുന്നു. ഒന്ന് വിശ്രമിച്ച് പുറപ്പെട്ടാൽ മതി എന്നേറെ നിർബന്ധിച്ചെങ്കിലും സ്നേഹപൂർവ്വം നിരസിച്ച് അയ്യപ്പന്റെ പേരിൽ പ്രത്യഭിവാദ്യം പറഞ്ഞ് പിരിഞ്ഞപ്പോഴും അടുത്ത ലക്ഷ്യത്തെ പറ്റി കൃത്യത ഒന്നുമുണ്ടായിരുന്നില്ല.

പിന്നിട്ട വഴികളിലെല്ലാം ആരൊക്കെയോ ഉണ്ടായിരുന്നു. മനുഷ്യ രൂപത്തിലുള്ള ദേവൻമാർ. ബഹുമാനത്തോടെയുള്ള ഇടപെടലുകൾ. നീ ആര് എന്ന ചോദ്യം നേരിടേണ്ടി വന്നിട്ടില്ലാത്ത യാത്ര.

യാദൃശ്ചികമായി ആണ് ശ്രദ്ധിച്ചത്. ആൽത്തറയിൽ പൊടി തൂത്ത് ഉറങ്ങാൻ നോക്കുകയായിരുന്നു. നടയടച്ച കോവിലിന്റെ മുന്നിൽ ഒറ്റയ്ക്ക് ഒരാളുടെ ശരണം വിളി. രണ്ടറ്റവും കൂട്ടി മുട്ടിക്കുന്ന ബദ്ധപ്പാടിൽ വൈകിപ്പോയതാണ്. കൈ കൂപ്പി മറ്റൊന്നും ശ്രദ്ധിക്കാതെ തേവരെ തൊഴുത് ഉറക്കെ വിളിക്കുന്ന ശരണം വിളി ഉള്ളിലെ വിങ്ങലുകളുടെ ശബ്ദ രൂപമായി രുന്നു. ആദ്യം ഒന്ന് മടിച്ചെങ്കിലും കൂടെ ചെന്ന് ശരണം ഏറ്റുവിളിച്ചത് ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമായിരുന്നോ.

അമ്മ രോഗബാധിതയാണ്.മറ്റാരുമില്ല അയാൾക്ക്. അടുത്തുള്ള ധർമ്മാശുപത്രിയിൽ കൂട്ടിരിക്കാൻ പോലും ആരുമില്ല. തടിമില്ലിലെ പണികഴിഞ്ഞ് അമ്മയുടെ അടുത്തെത്താൻ വൈകി. വരിയിൽ നിന്ന് ധർമ്മ കഞ്ഞി വാങ്ങി അമ്മയെ ഊട്ടി വന്നപ്പോഴേക്കും പിന്നെയും നേരം വൈകി. ഇന്നലെയും തൊഴാൻ പറ്റിയില്ല. മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ചികിത്സിക്കാൻ ആശുപത്രിക്കാരു പറഞ്ഞിട്ട് രണ്ടു ദിവസമായി. സങ്കടങ്ങളുടെ വലിയ ഭാണ്ഡക്കെട്ട് രാമേട്ടനോട് ചോദിക്കാതെ തന്നെ പറയുകയായിരുന്നു അയാൾ. തിരിച്ച് ആശുപത്രിയിലേക്ക് തന്നെ പോവണം. നൊമ്പരങ്ങൾക്ക് കൂട്ടിരിക്കാൻ.നിവൃത്തികേടുകളുടെ വലിയ പട്ടികകൾ ഒടുവിൽ നിർത്തിയത് അയ്യന്റെ സഹായത്തിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു തന്നെ.

ആശുപത്രി വരെ കൂടെ നടക്കാം എന്ന് പറഞ്ഞത് കുറഞ്ഞ സമയത്തിനുള്ളിൽ മനസ്സിൽ തട്ടിയ സഹാനുഭൂതി കൊണ്ടാണ്. പിന്നെ തന്റെ ആശുപത്രി പരിചയങ്ങളിൽ എന്തെങ്കിലും ഉപയോഗമായാൽ അത്രയും. ഒരു വേള മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ചികിത്സിച്ച് രക്ഷിക്കാൻ കഴിഞ്ഞാൽ അതല്ലേ സ്വാമി പുണ്യം. സഹാനുഭൂതി പ്രായോഗിക ചിന്തയായും ചിന്തകൾ വാക്കുകളായും വാക്കുകൾ പ്രവർത്തികളാകാനും അന്നൊരു രാത്രിയുടെ മുഴു നീളം വേണ്ടി വന്നില്ല. മകരവിളക്കിനിയും ദിവസങ്ങൾ ബാക്കി. തുടർ യാത്ര മാറ്റി വെക്കുന്നത് മറ്റൊരു ജീവനു വേണ്ടി മാത്രമാണല്ലോ. മാനവ സേവ മാധവ സേവ എന്നല്ലേ. സ്വാമി ക്ഷമിച്ചോളും. കെട്ട് നിറയും നെയ് തേങ്ങ നിറക്കലും പമ്പയിലെത്തിയിട്ട് ചെയ്യാം എന്ന് വെച്ചത് ഒരു പക്ഷേ ഈശ്വരനിശ്ചയമായിരുന്നോ.

സർക്കാർ ആശുപത്രി പ്രതിക്ഷിച്ചതു പോലെ. വൈകിയാണെങ്കിലും ഉണ്ടായിരുന്ന ജീവനക്കാർ ബുദ്ധിമുട്ടുകൾ പറഞ്ഞു. പനി ഒരു പക്ഷേ ന്യൂമോണിയ ആയിതീരാനുള്ള സാധ്യതയും ചികിത്സാ പരിമിതിയും. മെഡിക്കൽ കോളേജിലേക്ക് അടുത്ത ദിവസം കൂടെ പോയപ്പോൾ പതിവിലേറെ നിറവ് മനസ്സിനും. നെഞ്ചിൻ കൂടിന്റെ എക്സറേയും രക്ത പരിശോധനയും സ്ഥിരപ്പെടുത്തിയത് ന്യൂമോണിയ കൂടിയതു തന്നെ. വല്ലാത്ത നിലയാണ്. കൂടെ ഇരുന്ന് പരിചരിക്കാൻ മനസ്സു കാണിച്ചപ്പോൾ അമ്മയുടെ ദൈന്യ ഭാവത്തിലുണ്ടായ വെത്യാസം മകനിൽ ആശ്വാസത്തിന്റെതായിരുന്നു. സർക്കാർ സംവിധാനത്തിലുളളതാണെങ്കിലും ക്രമമായ ചികിത്സ കാര്യങ്ങൾ ഭേദപ്പെടുന്നതായി തോന്നി. എന്തൊക്കെയോ പറയാൻ ഇടയക്കിടെ ശ്രമിക്കുമെങ്കിലും ജനറൽ വാർഡിലെ കലപില ശബ്ദങ്ങൾക്കിടയിൽ ദുർബലമായ ശബ്ദം മനസ്സിലാക്കി എടുക്കാൻ പറ്റിയില്ല. അന്നത്തെ ദിവസം പാതിരാത്രിയിൽ മകനെ തനിച്ചാക്കി പോവുമെന്ന് പറയാൻ ശ്രമിക്കുകയായിരുന്നോ, ഈ ലോകം ഉപേക്ഷിച്ചിട്ട്.

മാതാപിതാക്കൾ മരണപ്പെട്ടാൽ ഒരു ആണ്ട്കാലം മലക്ക് പോവാൻ പാടില്ല. ഗുരുസ്വാമിമാർ ആരോ പറഞ്ഞു തന്നിട്ടുള്ളതാണ് പണ്ട്. മാല ഊരണം. അതാണ് ആചാരം. ഹൃദയം വല്ലാതെ നിർബന്ധിച്ചു. മാല ഊരാൻ. അയ്യനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് തന്നെ. നിറക്കാത്ത ഇരു മടി സഞ്ചിയുമായി രാമേട്ടൻ തിരിച്ചു നടന്നു. തനിക്കായി കാത്തിരിക്കുന്ന മറ്റാരയോ അന്വേഷിച്ച്..

*****